Month: ഫെബ്രുവരി 2021

വെളിച്ചത്തില്‍ വിശ്വസിക്കുക

ഭീമാകാരമായ ചുഴലിക്കാറ്റ് വരുന്നുവെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. അന്തരീക്ഷമര്‍ദ്ദം കുറയുമ്പോള്‍ ഒരു ശൈത്യകാല കൊടുങ്കാറ്റ് അതിവേഗം തീവ്രമാകുമ്പോള്‍, സംഭവിക്കുന്നത് അതാണ്. രാത്രി ആയപ്പോഴേക്കും പൊടിക്കാറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള ഹൈവേയില്‍ കാഴ്ച അസാധ്യമാക്കി. ഏതാണ്ടു പൂര്‍ണ്ണമായി. നിങ്ങളുടെ മകള്‍ സന്ദര്‍ശനത്തിനായി വീട്ടിലേക്ക് വരുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ ചെയ്‌തേ മതിയാകൂ. നിങ്ങള്‍ അധിക വസ്ത്രങ്ങളും വെള്ളവും പായ്ക്ക് ചെയ്യുന്നു (നിങ്ങള്‍ ഹൈവേയില്‍ കുടുങ്ങുന്ന സ്ഥിതി ഉണ്ടായാല്‍), വളരെ സാവധാനത്തില്‍ വാഹനമോടിക്കുന്നു, നിര്‍ത്താതെ പ്രാര്‍ത്ഥിക്കുന്നു. ഒടുവിലായി, എങ്കിലും ഒട്ടും അപ്രധാനമല്ലാത്തത്, നിങ്ങളുടെ ഹെഡ്‌ലൈറ്റുകളെ വിശ്വസിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് മിക്കവാറും അസാധ്യമായത് നേടാന്‍ കഴിഞ്ഞേക്കും.

ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന ഒരു കൊടുങ്കാറ്റിനെക്കുറിച്ച് യേശു മുന്‍കൂട്ടിപ്പറഞ്ഞു, അവന്റെ മരണം ഉള്‍പ്പെടുന്നതും (യോഹന്നാന്‍ 12:31-33), വിശ്വസ്തരായി നിലനില്‍ക്കാനും ശുശ്രൂഷ ചചെയ്യാനും തന്റെ അനുയായികളെ വെല്ലുവിളിക്കുന്നതുമായ ഒന്നായിരുന്നു അത് (വാ. 26). അന്ധകാരം വരാന്‍ പോകുന്നു, കാഴ്ച അസാധ്യമാകാന്‍ പോകുന്നു. ഏതാണ്ടു പൂര്‍ണ്ണമായി. അപ്പോള്‍ എന്തു ചെയ്യാനാണ് യേശു അവരോട് പറഞ്ഞത്? വെളിച്ചത്തെ വിശ്വസിക്കുക, അല്ലെങ്കില്‍ ആശ്രയിക്കുക (വാ. 36). അവര്‍ക്ക് മുന്നോട്ട് പോകാനും വിശ്വസ്തരായി തുടരാനുമുള്ള ഒരേയൊരു മാര്‍ഗ്ഗം അതായിരുന്നു.

യേശു അവരോടൊപ്പം കുറച്ചുനേരം കൂടി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ പാതയെ പ്രകാശിപ്പിക്കുന്ന നിരന്തര വഴികാട്ടിയായി വിശ്വാസികളോടൊപ്പം അവന്റെ ആത്മാവ് ഉണ്ട്. മുന്നോട്ടുള്ള വഴി കാണുന്നത് അസാധ്യമാകുമ്പോള്‍ നാമും ഇരുണ്ട കാലഘട്ടങ്ങളെ അഭിമുഖീകരിക്കും. ഏതാണ്ടു പൂര്‍ണ്ണമായി. എന്നാല്‍ വെളിച്ചത്തില്‍ വിശ്വസിക്കുന്നതിലൂടെ അല്ലെങ്കില്‍ ആശ്രയിക്കുന്നതിലൂടെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും.

നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുക

ഫോണ്‍ നന്നാക്കുന്ന കടയില്‍, യുവ പാസ്റ്റര്‍ മോശം വാര്‍ത്ത കേള്‍ക്കാനായി സ്വയം തയ്യാറായി. ഞങ്ങളുടെ ബൈബിള്‍ ക്ലാസ്സില്‍വെച്ച് ആകസ്മികമായി തറയില്‍ വീണ അദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി. ശരിയല്ലേ? യഥാര്‍ത്ഥത്തില്‍ അല്ല. സ്‌റ്റോര്‍ ജോലിക്കാരി തന്റെ ബൈബിള്‍ വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ പാസ്റ്ററുടെ എല്ലാ ഡാറ്റയും വീണ്ടെടുത്തു. 'ഞാന്‍ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോകളും അവള്‍ വീണ്ടെടുത്തു' അദ്ദേഹം പറഞ്ഞു, 'സ്‌റ്റോര്‍ എന്റെ തകര്‍ന്ന ഫോണിന് പകരം ഒരു പുതിയ ഫോണ്‍ നല്‍കി.' 'എനിക്ക് നഷ്ടപ്പെട്ടതും അതിലേറെയും ഞാന്‍ വീണ്ടെടുത്തു.' എന്നാണദ്ദേഹം അര്‍ത്ഥമാക്കിയത്.

നീചന്മാരായ അമാലേക്യരുടെ ആക്രമണത്തിനു ശേഷം ദാവീദ് ഒരിക്കല്‍ തന്റെ സ്വന്തം വീണ്ടെടുക്കല്‍ ദൗത്യം നയിച്ചു. ഫെലിസ്ത്യ ഭരണാധികാരികളാല്‍ അവഗണിക്കപ്പെട്ട ദാവീദും അവന്റെ സൈന്യവും അമാലേക്യര്‍ തങ്ങളുടെ പട്ടണമായ സിക്ലാഗിനെ ആക്രമിച്ചു ചുട്ടുകളഞ്ഞതാണു കണ്ടത് - അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു (1 ശമൂവേല്‍ 30:30:2-3). 'അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരയുവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു' (വാ. 4). പടയാളികള്‍ തങ്ങളുടെ നേതാവായ ദാവീദിനോട് കൈപ്പുള്ളവരായി, 'അവനെ കല്ലെറിയണമെന്നു ജനം പറഞ്ഞു' (വാ. 6).

'ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു' (വാ. 6). ദൈവം വാഗ്ദത്തം ചെയ്തതുപോലെ, ദാവീദ് അമാലേക്യരെ പിന്തുടര്‍ന്നു, 'അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു ... അവര്‍ അപഹരിച്ചു കൊണ്ടുപോയതില്‍ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടു പോന്നു' (വാ. 18-19). നമ്മുടെ പ്രത്യാശയെപ്പോലും 'കവര്‍ന്നെടുക്കുന്ന' ആത്മീയ ആക്രമണങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവത്തില്‍ നമുക്ക് പുതിയ ശക്തി കണ്ടെത്താം. ജീവിതത്തിലെ എല്ലാ വെല്ലുവിളികളിലും അവന്‍ നമ്മോടൊപ്പമുണ്ടാകും.

എന്താണ് നിങ്ങളുടെ മാന്യത?

പ്രാദേശിക ഹൈസ്‌കൂള്‍ കായിക ഇനങ്ങളില്‍, സ്റ്റാന്‍ഡുകളിലെ ഏറ്റവും വലിയതും ആളുകള്‍ അറിയുന്നവനുമായ വ്യക്തിയായിരുന്നു ടെഡ്. ഒരു അധഃപതിച്ച അവസ്ഥയിലേക്ക് നീങ്ങുന്നതിനുമുമ്പ് ആറടി ആറ് ഇഞ്ച് ഉയരവും 100 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമുണ്ടായിരുന്ന ടെഡിന്, സ്‌കൂള്‍ പരിപാടികളില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള കഴിവ് ഐതിഹാസികമായിരുന്നു.

ആളുകളെ സന്തോഷിപ്പിക്കുന്നതിലൂടെ മാത്രമായിരുന്നില്ല ടെഡ് തന്റെ സമൂഹത്തില്‍ പ്രശസ്തി നേടിയത്. ഒരു യുവാവ് എന്ന നിലയില്‍ മദ്യപാനാസക്തിക്കടിമയായതും ആയിരുന്നില്ല ഇതിന്റെ കാരണം. മറിച്ച്, ദൈവത്തോടും തന്റെ കുടുംബത്തോടുമുള്ള സ്‌നേഹത്തിനും, അവന്റെ ഔദാര്യമനോഭാവത്തിനും ദയയ്ക്കും ആണ് അവന്‍ ഓര്‍മ്മിക്കപ്പെടുന്നത്. അവന്റെ ജീവിതത്തെ ആഘോഷിച്ച നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ശവസംസ്‌കാര ശുശ്രൂഷയില്‍,' സുവിശേഷത്തിലൂടെ യേശുവിന്റെ ശക്തിയാല്‍ അന്ധകാരത്തില്‍ നിന്ന് രക്ഷിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ഊര്‍ജ്ജസ്വലമായ ക്രിസ്തുസദൃശ്യമായ വഴികളെക്കുറിച്ച് സാക്ഷ്യം വഹിക്കാന്‍ ഒന്നിനു പുറകേ ഒന്നായി ആളുകള്‍ മുന്നോട്ട് വന്നു.

എഫെസ്യര്‍ 5:8ല്‍, 'മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു'' എന്ന് പൗലൊസ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു, എന്നാല്‍ പെട്ടെന്നു തന്നെ രേഖപ്പെടുത്തി, ഇപ്പോഴോ നിങ്ങള്‍ 'കര്‍ത്താവില്‍ വെളിച്ചം ആകുന്നു.... വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍.' യേശുവിലുള്ള ഓരോ വിശ്വാസിയുടെയും വിളി ഇതാണ്. ടെഡിനെപ്പോലെ, വെളിച്ചത്തിന്റെ മക്കള്‍ക്കും ഈ ലോകത്തില്‍ അന്ധകാരത്തില്‍ മുഴുകിയിരിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്യാന്‍ ധാരാളം ഉണ്ട്. 'ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികള്‍'' ഒഴിവാക്കണം (വാ. 3-4, 11 കാണുക). നമ്മുടെ സമൂഹങ്ങളിലും ലോകമെമ്പാടുമുള്ളവര്‍ക്ക് യേശുവിന്റെ പ്രകാശം ഏറ്റുവാങ്ങിയവരുടെ പ്രകാശപൂരിതവും വ്യതിരിക്തവുമായ സാക്ഷ്യം ആവശ്യമാണ് (വാ. 14). എത്രത്തോളം വ്യതിരിക്തമാണ്? വെളിച്ചം ഇരുട്ടില്‍ നിന്ന് എത്ര വ്യത്യസ്തമാണോ അത്രത്തോളം.

മുറുകെ പിടിക്കുക

പത്തൊന്‍പതാം നൂറ്റാണ്ടിലെ ശ്രേഷ്ഠരായ അമേരിക്കന്‍ വീരവനിതകളില്‍ ഒരാളായിരുന്നു ഹാരിയറ്റ് ടബ്മാന്‍. ശ്രദ്ധേയമായ ധൈര്യം പ്രകടിപ്പിച്ചുകൊണ്ട്, അമേരിക്കന്‍ ഐക്യനാടുകളിലെ സ്വതന്ത്രമായ വടക്കന്‍ പ്രദേശത്തേക്ക് കടന്ന് അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം മുന്നൂറിലധികം സഹ അടിമകളെ അവള്‍ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. സ്വന്തം സ്വാതന്ത്ര്യം ആസ്വദിക്കുന്നതില്‍ മാത്രം സംതൃപ്തയാകാതെ സുഹൃത്തുക്കളെയും കുടുംബത്തേയും അപരിചിതരെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ അവള്‍ പത്തൊന്‍പത് തവണ അടിമത്തം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. ചിലപ്പോള്‍ കാനഡയിലേക്ക് ആളുകളെ നയിച്ചുകൊണ്ട് അവള്‍ കാല്‍നടയായി സഞ്ചരിച്ചു.

അത്തരം ധീരമായ പ്രവര്‍ത്തനത്തിന് ടബ്മാനെ പ്രേരിപ്പിച്ചത് എന്താണ്? ആഴമായ വിശ്വാസമുള്ള ഒരു സ്ത്രീയായ അവള്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'ഞാന്‍ എല്ലായ്‌പ്പോഴും ദൈവത്തോട് പറഞ്ഞു, ഞാന്‍ അങ്ങയെ മുറുകെ പിടിക്കാന്‍ പോകുന്നു, നീ എന്നെ അക്കരെയെത്തിക്കണം.' ആളുകളെ അടിമത്തത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നതില്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളെ അവള്‍ ആശ്രയിച്ചത് അവളുടെ വിജയത്തിന്റെ മുഖമുദ്രയായിരുന്നു.

ദൈവത്തെ 'മുറുകെപ്പിടിക്കുക' എന്നതിന്റെ അര്‍ത്ഥമെന്താണ്? നാം അവന്റെ കൈ പിടിക്കുമ്പോള്‍ വാസ്തവത്തില്‍ അവനാണ് നമ്മെ പിടിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ യെശയ്യാവിന്റെ പ്രവചനത്തിലെ ഒരു വാക്യം നമ്മെ സഹായിക്കും. യെശയ്യാവ് ദൈവത്തെ ഉദ്ധരിക്കുന്നു, 'നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു' (41:13).

ഹാരിയറ്റ് ദൈവത്തെ മുറുകെ പിടിച്ചു, അവന്‍ അവളെ വിജയിപ്പിച്ചു. നിങ്ങള്‍ എന്ത് വെല്ലുവിളികളാണ് നേരിടുന്നത്? അവന്‍ നിങ്ങളുടെ കരത്തെയും ജീവിതത്തെയും 'പിടിക്കുമ്പോള്‍'' ദൈവത്തെ മുറുകെ പിടിക്കുക. 'ഭയപ്പെടേണ്ട' അവന്‍ നിങ്ങളെ സഹായിക്കും.

വിശ്വാസ നിക്ഷേപങ്ങള്‍

തന്റെ പന്ത്രണ്ടാമത്തെ ക്രിസ്തുമസില്‍, ക്രിസ്തുമസ് ട്രീയുടെ കീഴിലിരുന്ന സമ്മാനങ്ങള്‍ തുറക്കുന്നതിനായി ആകാംക്ഷയോടെ ആ ബാലന്‍ കാത്തിരുന്നു. ഒരു പുതിയ ബൈക്കിനായി അവന്‍ കൊതിച്ചിരുന്നു, പക്ഷേ അവന്റെ പ്രതീക്ഷകള്‍ തകര്‍ന്നുപോയി -അവനു ലഭിച്ച അവസാനത്തെ സമ്മാനം ഒരു നിഘണ്ടുവായിരുന്നു. ആദ്യ പേജില്‍ അവന്‍ ഇങ്ങനെ വായിച്ചു: 'അമ്മയില്‍ നിന്നും ഡാഡിയില്‍ നിന്നും ചാള്‍സിന്, 1958. സ്‌കൂളിലെ നിന്റെ മികച്ച പ്രവര്‍ത്തനത്തിനായി സ്‌നേഹത്തോടും ഉയര്‍ന്ന പ്രതീക്ഷയോടും കൂടി.'

അടുത്ത ദശകത്തില്‍ ഈ കുട്ടി സ്‌കൂളില്‍ മികച്ച പ്രകടനം നടത്തി. കോളേജില്‍ നിന്നു ബിരുദം നേടി പിന്നീട് ഏവിയേഷന്‍ പരിശീലനവും നേടി. വിദേശത്ത് ജോലി ചെയ്യുന്ന ഒരു പൈലറ്റായി അദ്ദേഹം മാറി, ആവശ്യമുള്ള ആളുകളെ സഹായിക്കാനും അവരുമായി യേശുവിനെ പങ്കിടാനുമുള്ള തന്റെ അഭിനിവേശം അങ്ങനെ നിറവേറ്റി. ഈ സമ്മാനം ലഭിച്ച് ഏകദേശം അറുപത് വര്‍ഷത്തിന് ശേഷം, അദ്ദേഹം ഉപയോഗിച്ചു പഴകിയ ഈ നിഘണ്ടു തന്റെ കൊച്ചുമക്കളുമായി പങ്കിട്ടു. ഇത് അദ്ദേഹത്തെ സംബന്ധിച്ച് തന്റെ ഭാവിക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ സ്‌നേഹപൂര്‍വമായ നിക്ഷേപത്തിന്റെ പ്രതീകമായി മാറി. അദ്ദേഹം ഇപ്പോഴും അതിനെ അമൂല്യമായി കണക്കാക്കുന്നു. എന്നാല്‍ ദൈവത്തെക്കുറിച്ചും തിരുവെഴുത്തുകളെക്കുറിച്ചും പഠിപ്പിച്ചുകൊണ്ട് തന്റെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ നടത്തിയ ദൈനംദിന നിക്ഷേപത്തിന് അദ്ദേഹം കൂടുതല്‍ നന്ദിയുള്ളവനാണ്.

കുട്ടികളുമായി തിരുവെഴുത്തിലെ വാക്കുകള്‍ പങ്കിടാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തനം 11 സംസാരിക്കുന്നു: 'വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കള്‍ക്ക് അവയെ ഉപദേശിച്ചു കൊടുക്കണം' (വാ. 19).

ഈ കുട്ടിയെ സംബന്ധിച്ചിടത്തോളം, അവന്‍ ബാലനായിരുന്നപ്പോള്‍ അവനില്‍ നട്ടുവളര്‍ത്തിയ നിത്യമായ മൂല്യങ്ങള്‍ തന്റെ രക്ഷകനുവേണ്ടിയുള്ള ആജീവനാന്ത സേവനമായി തളിര്‍ത്തു പൂത്തു. ഒരാളുടെ ആത്മീയ വളര്‍ച്ചയ്ക്കുള്ള നമ്മുടെ നിക്ഷേപം ദൈവിക സഹായത്താല്‍ എത്രത്തോളം ഫലം പുറപ്പെടുവിക്കുമെന്ന് ആരറിയുന്നു.